ന്യൂഡൽഹി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മുഴുത്ത പട്ടിണിയിലേക്ക് കുടുംബത്തെ തള്ളിവിട്ടതോടെ പട്ടിണി 150 രൂപയ്ക്ക് ശരീരം വിൽക്കേണ്ടി വന്ന ഗതികേടിൽ പെൺകുട്ടികൾ. ഉത്തർപ്രദേശിലെ ചിത്രകൂടിൽ നിന്നാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന വാർത്ത പുറത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി രംഗത്തെത്തി.
മുന്നൊരുക്കമില്ലാതെ കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തിക്ക് വലിയ വിലയാണ് പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വന്നതെന്നും ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്നും അദ്ദേഹം കേന്ദ്രത്തോട് ചോദിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട് ഖനി മേഖലയാണ്. ഇവിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു.
ലോക്ഡൗണിൽ തൊഴില്ലാതെ എല്ലാ വരുമാനമാർഗവും അടഞ്ഞതോടെ പട്ടിണിയിലായതോടെ ഗതികെട്ട പെൺകുട്ടികളെ കരാറുകാർ ചൂഷണം ചെയ്യുകയായിരുന്നു. മുഴുപട്ടിണിയിലായ ഖനിത്തൊഴിലാളികളുടെ വീട്ടിലെ പെൺകുട്ടികളെയാണ് രക്ഷകരായി ചമഞ്ഞെത്തിയ ഇടനിലക്കാർ പണത്തിന് പകരം ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് രാജ്യം ഞെട്ടിയ ഈ വാർത്ത ഇന്ത്യാ ടുഡേ പുറത്ത് കൊണ്ടു വന്നത്. വഴങ്ങിക്കൊടുത്തില്ലെങ്കിൽ ഖനിയിൽ ജോലി നൽകില്ലെന്നും കുന്നിന് മുകളിൽ നിന്ന് വലിച്ചെറിയുമെന്നും പെൺകുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് വാർത്ത.
300-400 രൂപയാണ് ഓരോ പെൺകുട്ടിക്കും നൽകാമെന്ന് കരാറുകാർ ഏറ്റിരുന്നത്. പക്ഷേ വഴങ്ങിക്കൊടുത്ത പെൺകുട്ടികൾക്ക് നൽകിയിരുന്നത് 150 രൂപയും. മൂന്ന് മാസമായി പണിയില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടിയ തങ്ങൾ ഇതല്ലാതെ മറ്റെന്തുചെയ്യുമെന്നാണ് ഇവർ ദേശീയ മാധ്യമത്തോട് ചോദിച്ചത്. ബുന്ദേൽഖണ്ഡിനടുത്ത ചിത്രകൂടിൽ അൻപതിലേറെ കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്.