ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍; എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഹേമന്തിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. അതിനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കുടിവെള്ള-ശുചീകരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ മിതിലേഷ് താക്കൂറിന് ബുധനാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മന്ത്രി ചികിത്സയിലുള്ളത്. ജാര്‍ഖണ്ഡില്‍ ഇതുവരെ 2996 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2104 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 22 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version