ചെന്നൈ: കൊവിഡ് 19 എന്ന മഹാമാരി രോഗാവസ്ഥയിലെത്തി മാത്രമല്ല, വില്ലന്‍ വേഷത്തിലെത്തുന്നത്. ചിലരുടെ ജീവിതം ആകെ മാറ്റിമറിക്കുന്ന തരത്തിലും കൊവിഡ് എത്തുന്നുണ്ട്. അത്തരത്തില്‍ വില്ലനായത് കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസറായിരുന്ന കൂടലൂര്‍ സ്വദേശിയായ ടി മഹേശ്വരന്റെ ജീവിതത്തിലാണ്.
എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്ന അദ്ദേഹം ഇപ്പോള്‍ മുറുക്ക് വില്‍പ്പനക്കാരനാണ്. ഉപജീവനത്തിനായാണ് മുറുക്ക് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞത്. കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കൂടിയായിരുന്നു ഇദ്ദേഹം. കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ കോളേജ് അടച്ചു. പിന്നാലെ ശമ്പളം നല്‍കാനാകില്ലെന്ന് കോളേജ് അധികൃതര്‍ മഹേശ്വരനെ അറിയിക്കുകയായിരുന്നു.
ഇതോടെ ജീവിതം വഴിമുട്ടി നിന്നപ്പോഴാണ് മുറുക്ക് വിറ്റ് ഉപജീവനം നടത്താമെന്ന് മഹേശ്വരന്‍ തീരുമാനിക്കുകയായിരുന്നു. സ്വദേശമായ നെയ്വേലിയിലാണ് ആറുവയസുകാരി മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ മഹേശ്വരന്‍ മുറുക്കുണ്ടാക്കി വില്‍ക്കുന്നത്. പ്രദേശത്തെ കടകളിലും മറ്റും മുറുക്കുണ്ടാക്കി വില്‍ക്കുന്നതിലൂടെ പ്രതിദിനം 500 രൂപ വരുമാനം ലഭിക്കുന്നുവെന്ന് മഹേശ്വരന്‍ പറയുന്നു.