ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുരത്തി ആത്മവിശ്വാസം പകർന്ന് ഡൽഹിയിലെ ഈ ആറംഗ കുടുംബം. ഒരു വയസ്സുള്ള കുഞ്ഞിനുൾപ്പെടെ വീട്ടിലെ ആറുപേർക്കാണ് കൊവിഡ് ബാധിച്ചത്. എന്നാൽ, പതറാതെ രോഗത്തെ ആത്മവിശ്വാസത്തെ കീഴ്‌പ്പെടുത്തിയ ഇവർ ഒടുവിൽ റിസൾട്ട് പോസിറ്റീവായത് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
ഇവരിൽ മൂന്ന് പേർ നഴ്‌സുമാരാണ്. രോഗമുക്തരായതോടെ മൂവരും തിരികെ കൊവിഡ് കാലത്തെ ആതുരസേവനത്തിനായി ആശുപത്രിയിലെത്തുകയും ചെയ്തു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹി അംബേദ്കർ ആശുപത്രിയിലെ നഴ്‌സും കോട്ടയം തലയോലപ്പറമ്പ് സ്വദേശിയുമായ സുജീഷിന് (33) വൈറസ് ബാധ സ്ഥിരീകരിച്ചത് മേയ് 30നാണ്. ഭാര്യ രാധിമോൾ, മക്കളായ സെറ ശ്രേയൽ (ആറ്), ഷോൺ ശ്രേയസ് (ഒന്ന്), ജ്യേഷ്ഠൻ സുമേഷ്, ഭാര്യ വിശ്വലക്ഷ്മി എന്നിവർക്കും കൊവിഡ് പോസിറ്റീവായി.
രാധിമോളും സുമേഷും അംബേദ്കർ ആശുപത്രിയിലെ നഴ്‌സുമാരാണ്. വിശ്വലക്ഷ്മിയും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു. മറ്റുകുടുംബാംഗങ്ങൾക്കെല്ലാം അധികം വൈകാതെ കൊവിഡ് നെഗറ്റീവായെങ്കിലും നാലാമത്തെ പരിശോധനയിലാണ് സുജീഷിന് രോഗമുക്തി സ്ഥിരീകരിച്ചത്.
ജൂൺ 24 മുതൽ രോഗമുക്തരായ സുജീഷും സുമേഷും രാധിമോളും ഡ്യൂട്ടിക്ക് കയറി. അംബേദ്കർ ആശുപത്രിയിലെ നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റുകൂടിയാണ് സുജീഷ്.
Discussion about this post