ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിയ്ക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.
കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തു.