അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ നഷ്ടമാകും, നിലവിലുള്ള അമ്പതുശതമാനത്തോളം ഒഴിവുകള്‍ ഉപേക്ഷിക്കാനൊരുങ്ങി റെയില്‍വേ

കൊച്ചി: നിലവിലുള്ള അമ്പതുശതമാനം ഒഴിവുകള്‍ ഉപേക്ഷിക്കാനൊരുങ്ങി റെയില്‍വേ. രണ്ടുവര്‍ഷത്തിനിടെ പുതുതായി കൊണ്ടുവന്ന തസ്തികകള്‍ പുനഃപരിശോധിക്കാനും നിയമനം നടത്താത്തവ ഉപേക്ഷിക്കാനും തീരുമാനിച്ചു. ഇതോടെ നഷ്ടമാകാന്‍ പോകുന്നത് അരലക്ഷത്തോളം തൊഴിലവസരങ്ങളാണ്.

ഒഴിവുകളെല്ലാം ഉപേക്ഷിക്കാന്‍ എല്ലാ ജനറല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതും മരവിപ്പിച്ചു. മുമ്പ് 18 ലക്ഷത്തോളമായിരുന്നു റെയില്‍വേജീവനക്കാരുടെ എണ്ണമെങ്കില്‍ ഇത് ഘട്ടംഘട്ടമായി 12.18 ലക്ഷമാക്കി.

ഇത് രണ്ടുവര്‍ഷംകൊണ്ട് 10 ലക്ഷമാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. അതിനിടെ സ്വകാര്യവത്കരണത്തിന് വേഗം കൂട്ടുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. റെയില്‍ ഒഴിവുകള്‍ എല്ലാം ഉപേക്ഷിക്കുകയാണെങ്കില്‍ അരലക്ഷത്തോളം തൊഴിലവസരങ്ങളാണ് നഷ്ടപ്പെടാന്‍ പോകുന്നത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് റെയില്‍വേ ബോര്‍ഡ് ജോയന്റ് ഡയറക്ടര്‍ അജയ് ഝായുടെ ഉത്തരവില്‍ പറയുന്നു. 2018 മുതല്‍ റെയില്‍വേയില്‍ 1.40 ലക്ഷം ഒഴിവുണ്ടെന്നാണ് കണക്ക്. ഇതില്‍ 72,274-ഉം സുരക്ഷാവിഭാഗത്തിലാണ്. 68,366 എണ്ണവും ബാക്കി വിഭാഗത്തിലും. സുരക്ഷാവിഭാഗമൊഴികെയുള്ള ഒഴിവുകളില്‍ അമ്പതുശതമാനം ഉപേക്ഷിച്ചാല്‍ത്തന്നെ 34,183 തൊഴിലവസരം ഇല്ലാതാകും.

കുക്ക്, ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലാര്‍ക്ക് തുടങ്ങി മാനേജര്‍വരെയുള്ള 3681 ഒഴിവ് ഉപേക്ഷിക്കാമെന്ന് ഇവര്‍ നിര്‍ദേശിച്ചു. എല്ലാ സോണുകളും ഇത്തരത്തില്‍ കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കും. സ്റ്റേഷന്‍മാസ്റ്റര്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ് എന്നിവരടക്കമുള്ള സുരക്ഷാവിഭാഗത്തെ മാത്രമാണ് ഇപ്പോഴത്തെ കര്‍ശന തീരുമാനങ്ങളില്‍നിന്ന് ഒഴിവാക്കിയത്.

Exit mobile version