ചെന്നൈ; നടന് വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. പോലീസ് മാസ്റ്റര്‍ കണ്ട്രോള് റൂമിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി.
കഴിഞ്ഞദിവസം രാത്രിയോടെയാണ് വിജയിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം പോലീസ് മാസ്റ്റര്‍ കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അര്‍ധരാത്രി മുഴുവന്‍ തെരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ തിരച്ചിലിനൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി.
തുടര്‍ന്ന് വ്യാജ സന്ദേശം ലഭിച്ച മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയില്‍നിന്നുള്ള 21 കാരനായ യുവാവിനെ പിടികൂടി. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, യുവാവ് ഇതിന്മുന്‍പും ഇത്തരം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്ന് മരക്കാനം ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെ ഇയാള്‍ വിളിച്ചിട്ടുണ്ട്. 100ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നല്കി വിട്ടയച്ചതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജൂണ്‍ ആദ്യം നടന് രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാര്ഡന് വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
Discussion about this post