ചെന്നൈ: സിനിമാതാരങ്ങളെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടിൽ ബിജെപിയിൽ അഴിച്ചുപണി. തമിഴ്‌നാട് ബിജെപി നിർവാഹക സമിതിയിൽ നടിമാരായ നമിതയെയും ഗൗതമിയെയും കുട്ടി പത്മിനിയേയും അംഗങ്ങളാക്കി. വിവാദത്തിലകപ്പെട്ട് പുറത്തുനിൽക്കുകയായിരുന്ന നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നൽകി.
കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയിൽ ചേർന്നത്. തനിക്ക് ലഭിച്ച സ്ഥാനത്തിൽ സന്തോഷമുണ്ടെന്ന് നമിത പ്രതികരിച്ചു. അതേസമയം, വിവാദനായകനും നമിതക്കൊപ്പം പാർട്ടിയിൽ ചേർന്ന നടനുമായ രാധാരവിക്ക് സ്ഥാനമൊന്നും നൽകിയിട്ടില്ല. നയൻതാരയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് രാധാ രവിയെ ഡിഎംകെ പുറത്താക്കുകയായിരുന്നു.
ഇതോടൊപ്പം, മധുവന്തി അരുണിനെ ദേശീയ നിർവാഹക സമിതി അംഗമാക്കി. നടനും നാടക പ്രവർത്തകനുമായ എസ്‌വി ശേഖറാണ് പുതിയ ഖജാൻജി. 10 വൈസ് പ്രസിഡൻറുമാർ, 4 ജനറൽ സെക്രട്ടറിമാർ, 9 സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. കെടി രാഘവൻ, ജികെ സെൽവകുമാർ, കരു നാഗരാജൻ, ആർ ശ്രീനിവാസൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. നയിനർ നാഗേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നൽകിയത്.
Discussion about this post