മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകന്‍ ഉത്പാദിപ്പിച്ച 750 കിലോഗ്രാം ഉള്ളിക്ക് ലഭിച്ചത് ആയിരം രൂപ. പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഈ തുക കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കര്‍ഷകന്‍.
നാഷിക് ജില്ലയിലെ സഞ്ജയ് സാതെ എന്ന കര്‍ഷകനാണ് കയ്‌പേറിയ അനുഭവമുണ്ടായത്. 2010ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത മുന്നേറിക്കൊണ്ടിരിക്കുന്ന കര്‍ഷകരില്‍ ഒരാളാണ് താനെന്നും സഞ്ജയ് പറയുന്നു.
ഈ സീസണില്‍ 750 കിലോ ഗ്രാം ഉള്ളിയാണ് തനിക്ക് വിളയായി ലഭിച്ചത്. വിപണിയിലെത്തിച്ചപ്പോള്‍ കിലോക്ക് ഒരു രൂപ നല്‍കാമെന്നായിരുന്നു വ്യവസായികള്‍ അറിയിച്ചത്. പിന്നീട് വിലപേശലിനെത്തുടര്‍ന്ന് ഒരു രൂപ എന്നത് 1.40 രൂപയായി വര്‍ധിപ്പിച്ചു. അങ്ങനെ 750 കിലോഗ്രാമിന് 1064 രൂപ ലഭിച്ചുവെന്ന് സഞ്ജയ്.
നാലു മാസത്തെ തന്റെ കഠിനാധ്വാനത്തിനാണ് ഈ പ്രതിഫലം ലഭിച്ചത്. അതു തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സഞ്ജയ്. അതിനാല്‍ ആ തുക പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. മണി ഓര്‍ഡര്‍ അയക്കാനായി 54 രൂപ ചെലവായതായും അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ ലംഘിക്കുന്നതില്‍ താന്‍ അതീവ രോഷാകുലനാണെന്നും സഞ്ജയ് പറയുന്നു. രാജ്യത്തെ 50 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ്.