മുംബൈ: ആശുപത്രിയില്‍ കിടക്ക ഒഴിവില്ല, കോവിഡ് രോഗി ഒരു ദിവസം മുഴുവന്‍ ചെലവിട്ടത് ആംബുലന്‍സില്‍. നവി മുംബൈയിലാണ് സംഭവം. 64 വയസുകാരനായ രോഗിയ്ക്കാണ് ദുരവസ്ഥയുണ്ടായത്.
ഒടുവില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞപ്പോള്‍ 32,000 രൂപ വിലയുള്ള ഇന്ജക്ഷന് വാങ്ങാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇത് വാങ്ങാനുള്ള പണം ഇയാളുടെ കുടുംബക്കാരുടെ കൈവശം ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ജൂണ്‍ 25ന് ഇയാള്‍ മരണപ്പെട്ടു.
‘ഇദ്ദേഹത്തിന് ജൂണ്‍ 20നാണ് ചുമയും ശ്വാസതടസവും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വാശിയിലെ നവി മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അവിടെ ഓക്സിജന്‍ സപ്ലൈയുള്ള ബെഡ് ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകന് പറയുന്നു.
എന്നാല്‍, എവിടെ പോകണമെന്ന് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്കാന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും മകന് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ആശുപത്രികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. അഡ്മിറ്റ് ചെയ്യാന്‍ കുറേ ആശുപത്രികള്‍ വിസമ്മതിച്ചു. തുടര്‍ന്ന്, പിതാവിന് ഓക്സിജന്‍ പിന്തുണ ആവശ്യമുള്ളതിനാല്‍ ഒരു കാര്‍ഡിയാക് ആംബുലന്‍സ് വിളിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. അടുത്ത ദിവസം ഇയാളെ കോപ്പര്‍ ഖൈറാനെ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഇഞ്ചക്ഷനായി 32,000 രൂപ വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്‍എംഎംസിയെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആയിരുന്നു അധികൃതരുടെ മറുപടി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് നാലുദിവസം കഴിഞ്ഞപ്പോള്‍ പിതാവ് മരിച്ചതായും യുവാവ് പറഞ്ഞു.
താനും അളിയനും പിപിഇ കിറ്റുകള്‍ ധരിച്ച് പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്റെ പിതാവിന്റെ ജീവന് രക്ഷിക്കാന്‍ ഒരു ഇഞ്ചക്ഷന് നല്കാന് പോലും എന്എംഎംസിക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ഞാന്‍ മാധ്യമങ്ങളോട് പറയുന്നത് നാളെ ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്. എന്‍എംഎംസി അവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം’ – മരിച്ചയാളുടെ മകന് പറഞ്ഞു.
Discussion about this post