ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ സംസ്ഥാനത്ത് നടന്ന പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ വീട്ടില്‍ നിരീക്ഷത്തിലാക്കി. കര്‍ണാടകയില്‍ 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
പരീക്ഷയ്ക്ക് മുന്‍പ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 1600 ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post