ന്യൂഡല്‍ഹി: സ#കോസ്മിക് ശബ്ദ തെറാപ്പി, ഇലക്ട്രോ-ഫ്രീക്വന്‍സി വൈബ്രേഷന്‍ എന്നിവയിലൂടെ കൊവിഡ് 19 എന്ന മഹാമാരിയെ സുഖപ്പെടുത്താന്‍ സാധിക്കുമെന്ന അവകാശവാദവുമായി ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനം. ഹ്യൂമന്‍ എനര്‍ജി റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനമാണ് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ സ്ഥാപനമാണിത്. ഡോ. രമേശ് വൈഷ്, ഇക്വാന്‍ ഒന്വുക, ഡോ. ഹര്‍ഷ് റസ്തോഗി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ തെറാപ്പി, പ്രപഞ്ചം മുഴുവനും നിത്യമായി കോസ്മിക് ശബ്ദം എന്നറിയപ്പെടുന്ന സൂക്ഷ്മമായ സ്പന്ദനങ്ങളുടെ അവസ്ഥയിലാണെന്ന പുരാതന വേദ തത്ത്വചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ഊര്ജപരിണാമ സിദ്ധാന്തത്തിന്റെ തത്വങ്ങളുമായി സംയോജിപ്പിച്ച് ഇവര്‍ മൂന്ന് ശബ്ദങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൊറോണ വൈറസിന്റെ രണ്ട് എന്‍സൈമുകളുടെയും വൈബ്രേഷന്‍ ഫ്രീക്വന്‍സികള്‍ ഡീകോഡ് ചെയ്തു. വ്യത്യസ്ത ഫ്രീക്വന്‍സികള്‍ ഉള്ളതിനാല്‍, മൂന്ന് ശബ്ദ തരംഗങ്ങള്‍ ഓരോന്നും കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഈ തെറാപ്പിയില്‍ ഒരു വൈദ്യചികിത്സയും ഉള്‍പ്പെടാത്തതിനാലും രോഗികള്‍ക്ക് സ്വമേധയാ മുന്നോട്ട് വരുന്നതിനാലും ഒരു റെഗുലേറ്ററി അതോറിറ്റിയുടെയും അനുമതി ആവശ്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അനുമതിയും തേടുന്നതായും കൂട്ടിച്ചേര്‍ത്തു.
ഡോ. വൈഷിന്റെ വാക്കുകള്‍;
ഇത് പൂര്‍ണ്ണമായും പാര്‍ശ്വഫലങ്ങളില്ലാത്തതും ഔഷധമുക്തവും നിരുപദ്രവകരവുമാണ്. ഈ സാങ്കേതികതയ്ക്ക് ഭൗതികശാസ്ത്രത്തിന്റെ അടിത്തറയുണ്ട്. ഇതൊരു മെഡിക്കല്‍ പ്രക്രിയ അല്ല. ശബ്ദതരംഗങ്ങള്‍ വൈറസിനെ അക്രമിക്കുകയും അനുരണനങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. പ്രോട്ടീന്‍ സെല്‍ പാളി ഉള്ള വൈറസ് വൈബ്രേറ്റുചെയ്യാന് തുടങ്ങുന്നു, തുടര്‍ന്ന് കെമിക്കല്‍ ബോണ്ട് തകരുന്നു. വൈറസിന് ഒരു നിശ്ചിത ലെവലിലുള്ള ഊര്‍ജനിലയെ മറികടക്കാന്‍ കഴിയില്ല.
രോഗലക്ഷണങ്ങളുമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന ചില രോഗികളില്‍ മെയ് മാസത്തില്‍ പരീക്ഷണം നടത്തി. സ്വയം സന്നദ്ധരായവരായവര്ക്കാണ് ട്രയല്‍ നടത്തിയത്. ഞങ്ങളുടെ തെറാപ്പിക്കൊപ്പം അവരുടെ സാധാരണ ചികിത്സയും തുടര്‍ന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നില മെച്ചപ്പെട്ടു.
താത്പര്യമുള്ള രോഗികളില്‍ ഈ രീതി നടപ്പാക്കുന്നതിന് ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികള്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ അവിടെ തെറാപ്പി നടത്തും.
Discussion about this post