ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി പിയാണ് എന്ന സ്ത്രീയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം തികച്ചും സ്ത്രീവിരുദ്ധമാണ്. 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഒരാളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്. കൂടാതെ ദൈവങ്ങള്‍ക്ക് ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന മോശം ചിന്ത കുട്ടികളില്‍ ഉണ്ടാക്കാന്‍ അത് കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്ന ഇത്തരം വാദങ്ങള്‍ ഭരണഘടന വിരുദ്ധവും, നമ്മള് നേടിയെടുത്ത സാമൂഹ്യ നിയമങ്ങള്‍ക്ക് എതിരുമാണ്. തികഞ്ഞ അയ്യപ്പ ഭക്തയായ തനിക്ക് ഈ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും,ഹിന്ദു മതത്തില്‍ ഇങ്ങനെയൊരു കാഴ്ചപ്പാടില്ലെന്നും,അയ്യപ്പ ഭക്തന്മാരെ അപമാനിക്കുന്ന വാദമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
Discussion about this post