ഹൈദരാബാദ്: തെലങ്കാനയിലെ കാവല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് തേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
പള്ളികളിലും മോസ്കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. പക്ഷേ അമ്പലങ്ങള്ക്കില്ല. അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇത് ന്യൂനപക്ഷപ്രീണനമല്ലെങ്കില്‍ പിന്നെന്താണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി സംവരണം കൊണ്ടുവരുമെന്നും അവര്‍ക്കുവേണ്ടി ആശുപത്രികള്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്. ന്യൂനപക്ഷവിഭാഗത്തിന് പുറത്തുള്ള പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ അപ്പോള്‍ എന്താകുമെന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് ചോദിക്കാനുള്ളത്.
നിയമസഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ചന്ദ്രശേഖര റാവുവിന്റെ നീക്കം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. മെബഹൂബ് നഗറിലെ നാരായണ്‍പേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസും തെലങ്കാന രാഷ്ട്രസമിതിയും ന്യൂനപക്ഷ ധ്രൂവീകരണമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചത്.
നിയമസഭയുടെ കാലാവധി തികച്ച് മെയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കെസിആറിന് ഭയമുള്ളതുകൊണ്ടാണ് സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്നാല്‍ മോഡി പ്രഭാവം മൂലം പരാജയം ഉറപ്പാണെന്ന് കെ ചന്ദ്രശേഖര്‍ റാവുവിന് അറിയാം. മതം നോക്കിയുള്ള സംവരണത്തിന് ബിജെപി കൂട്ടുനില്‍ക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post