ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഡാക്കിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് മോഡി സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ പ്രശംസിച്ചു. ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. ആരേയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാൽവനിൽ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചർച്ചയാവുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കൾ കണ്ടുകഴിഞ്ഞു. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് ലോകം കണ്ടുവെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.
Discussion about this post