ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം; രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍. ഡല്‍ഹി, ബീഹാര്‍, ഹരിയാന, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിക്കുന്നത്.

ഡല്‍ഹിയിലെയും പട്നയിലെയും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റല്‍, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലാണ് കൊവിഡ് വാക്‌സിന്റെ ക്ലിനിക്കള്‍ പരീക്ഷണം പുരോഗമിക്കുന്നത്.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഐഎല്‍) ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ വാക്സിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഐസിഎംആര്‍ മുന്നോട്ടുപോകുന്നത്. കോവാക്‌സിന്‍ എന്നാണ് ഈ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്.

Exit mobile version