ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വ്യവസായി കടന്നുകളഞ്ഞിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകൾ രംഗത്ത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടർ മഞ്ജിത് സിങ് മഖ്‌നിക്കെതിരെയാണ് കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളുടെ കൺസോർഷ്യമാണ് സിബിഐക്ക് പരാതി നൽകിയത്.
അതേസമയം, ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ മഞ്ജിത് സിങ് നിലവിൽ കാനഡയിലാണെന്നാണ് റിപ്പോർട്ട്. ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമൃത്സർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി റൈസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർമാരായ മഞ്ജിത് സിങ് മഖ്‌നി, മകൻ കുൽവിന്ദർ മഖ്‌നി, മരുമകൾ ജസ്മീത് കൗർ, ചില ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ബാങ്കുകളെ വഞ്ചിച്ചതിന് സിബിഐ കേസെടുത്തു.
കാനറ ബാങ്കിൽനിന്ന് 175 കോടി, ആന്ധ്ര ബാങ്ക് 53 കോടി, യുബിഐ. ബാങ്ക് 44 കോടി, ഓറിയന്റൽ ബാങ്ക് 25 കോടി, ഐഡിബിഐ 14 കോടി, യുകോ ബാങ്ക് 41 കോടി എന്നിങ്ങനെയാണ് ഇവർ ബാങ്കുകൾക്ക് നൽകാനുള്ളതെന്ന് എഫ്‌ഐആറിൽ പറയുന്നു. 2003 മുതൽ അവർ വായ്പകൾ നേടിയിട്ടുണ്ടെന്ന് കാനറ ബാങ്ക് പരാതിയിൽ അറിയിച്ചു. 2012 മുതൽ കൺസോർഷ്യം ക്രമീകരണം തിരഞ്ഞെടുത്തുവെന്നും പറയുന്നു. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ളതാണ് ഈ കൺസോർഷ്യം. തിരിച്ചടവുകളിലും മറ്റും വീഴ്ച വരുത്തിയതിനാൽ 25-4-2018ന് ഈ അക്കൗണ്ട് നിഷ്‌ക്രിയ വായ്പയായി കാനറ ബാങ്ക് തിരിച്ചു. 2018ൽ തന്നെ മറ്റു ബാങ്കുകളും ഇതേ നടപടിയെടുത്തെന്നും എഫ്‌ഐആറിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ സ്വന്തം നിലയിൽ അന്വേഷണം നടത്തിയ ബാങ്കുകൾ തട്ടിപ്പ് റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ സിബിഐക്ക് പരാതി നൽകാൻ നിർദേശം ലഭിച്ചിരുന്നെങ്കിലും ബാങ്കുകൾ ഈ വർഷം ജൂണിലാണ് സിബിഐയെ സമീപിച്ചത്. ജൂൺ ഒന്നിന് നൽകിയ പരാതിയിൽ മഞ്ജിത് സിങ് കാനഡയിലേക്ക് കടന്നതായി കാനറ ബാങ്ക് പറയുന്നുണ്ട്. അതേസമയം, 2018ന്റെ തുടക്കത്തിൽ തന്നെ മഞ്ജിത് സിങ് കാനഡയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.