ന്യൂഡൽഹി: സിനിമാക്കഥ പോലെയാണ് തീഹാർ വരെയെത്തിയ ഈ 22 കാരന്റെ പ്രതികാര കഥ. സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തിഹാർ ജയിലിൽവെച്ച് യുവാവ് കുത്തിക്കൊന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് യുവാവിന്റെ കൃത്യം മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിനു പിന്നാലെയെന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
തീഹാർ ജയിലിൽ വെച്ച് കൊല്ലപ്പെട്ട മെഹ്തബിന്റെ(28) ജയിൽ ബ്ലോക്കിൽ എത്താനായി 22 വയസ്സുകാരൻ തന്റെ ബ്ലോക്കിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഒടുവിൽ തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് തീഹാറിലെ എട്ടാം നമ്പർ ജയിലിൽവെച്ച് യുവാവ് മെഹ്തബിനെ കുത്തിക്കൊന്നത്. 2014ലാണ് മെഹ്തബ് 22 കാരന്റെ സഹോദരിയെ ബലാത്സംഗം ചെയ്തത്. ഈ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. തന്റെ സഹോദരിയെ ഇല്ലാതാക്കിയ ആളോട് അന്ന് തൊട്ട് മനസിൽ കൊണ്ടുനടന്ന പകയാണ് ജയിലിനുള്ളിലെ കൊലപാതകത്തിൽ കലാശിച്ചത്.
കഴുത്തിലും വയറിലുമടക്കം ശരീരത്തിന്റെ മിക്കഭാഗങ്ങളിലും മെഹ്താബിന് കുത്തേറ്റെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ 22 വയസ്സുകാരനെതിരേ ഹരി നഗർ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സഹോദരിയെ ബലാത്സംഗം ചെയ്ത പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.
ജയ്ത്പുരിൽ നടന്ന ഒരു കൊലപാതകത്തിൽ പിടിക്കപ്പെട്ടാണ് 22 കാരൻ ഏതാനും മാസങ്ങൾക്ക് മുമ്പ് തിഹാർ ജയിലിലെത്തുന്നത്. ജയിലിലെത്തിയതിന് ശേഷമാണ് സഹോദരിയെ ബലാത്സംഗം ചെയ്ത മെഹ്തബും തിഹാറിൽ തന്നെയുണ്ടെന്ന് മനസിലാക്കിയത്. ഇതോടെ പക തീർക്കാനുള്ള അവസരത്തിനായി കാത്തിരുന്നു. എന്നാൽ മെഹ്തബ് എട്ടാം നമ്പർ ജയിലിലായതിനാൽ അവസരം ഒത്തുവന്നില്ല. അഞ്ചാം നമ്പർ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.
ഒടുവിൽ മെഹ്തബിനെ പാർപ്പിച്ചിരിക്കുന്ന ജയിലിലേക്ക് എത്താനായി ഇയാൾ സഹതടവുകാരുമായി മനഃപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുന്നതും സംഘർഷമുണ്ടാകുന്നതും പതിവായതോടെ 22 കാരനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ എട്ടാം നമ്പർ ജയിലിൽ തന്നെയെത്തി.
ജയിൽ മാറ്റത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഇയാൾ മെഹ്തബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. സഹതടവുകാർ പുലർച്ചെ പ്രാർത്ഥനയ്ക്ക് പോകുന്ന സമയം ഇയാൾ മെഹ്തബിനെ പാർപ്പിച്ചിരുന്ന മുകൾനിലയിലെത്തി. മൂർച്ചയേറിയ കമ്പി കൊണ്ട് തുരുതുരാ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ദേഹമാസകലും മുറിവേറ്റ മെഹ്തബിനെ ജയിൽ അധികൃതർ ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Discussion about this post