ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പ്രവർത്തനം ആരംഭിച്ചമുതലുള്ള ചരിത്രമെടുത്താൽ പോലും സാധിക്കാതിരുന്ന നേട്ടം കൈവരിച്ച് കൃത്യസമയം പാലിച്ച് ട്രെയിനുകൾ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് നൂറുശതമാനം കൃത്യത പുലർത്തി. ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായി റെയിൽവേ അറിയിച്ചു.
ഇതിനുമുമ്പ് ജൂൺ 23ന് ഒരു ട്രെയിൻ ഒഴികെ മറ്റെല്ലാം കൃത്യസമയം പാലിച്ചിരുന്നു. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നുവെന്ന് ഇന്ത്യൻ റെയിൽവേ തന്നെയാണ് അറിയിച്ചത്. അന്ന് ഒരു ട്രെയിനാണ് വൈകിയതെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ മെയിലുകൾ, എക്‌സ്പ്രസ്, പാസഞ്ചർ സർവീസുകളും സബർബൻ ട്രെയിനും ആഗസ്ത് 12 വരെ റദ്ദാക്കിയിരിക്കുകയാണ്.