ജയ്പൂര്‍: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ. ജയ്പൂരിലാണ് സംഭവം. ജയ്പുരിലെ ഭില്‍വാര ജില്ലാ ഭരണകൂടമാണ് കുടുംബത്തിന് വന്‍ തുക പിഴയിട്ടത്.
റിജുല്‍ രതി എന്നയാളുടെ വിവാഹമാണ് കുടംബക്കാര്‍ ആഘോഷത്തോടെ നടത്തിയത്. ഇത് വലിയ രീതിയില്‍ കൊവിഡ് 19 വ്യാപനത്തിന് കാരണമായെന്ന് വിലയിരുത്തിയ ജില്ലാ ഭരണകൂടം ലക്ഷക്കണക്കിന് രൂപ പിഴയായി ചുമത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും പതിനാറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്‍പതോളം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ നേടിയ അനുമതിയില്‍ ഇരുന്നൂറ്റി അന്‍പതോളം പേരാണ് പങ്കെടുത്തത്. വരന്റെ പിതാവ് ഗിസുലാലിന്റെ പക്കല്‍ നിന്നാണ് പിഴയീടാക്കിയത്. ജൂണ്‍ 13നായിരുന്നു വിവാഹം നടന്നത്. വിവാഹത്തിലെത്തിയ ആളുകള്‍ മാസ്‌ക് പോലും ധരിച്ചിരുന്നില്ല.
സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും കാറ്റില്‍പ്പറത്തി. വിവാഹത്തിന് പിന്നാലെ 75 കാരനായ വരന്റെ മുത്തശ്ശന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സ്രവ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇതിന് പിന്നാലെ ജൂണ്‍ 21ന് വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വിവാഹത്തില്‍ പങ്കെടുത്ത 110 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ വരന്റെ മുത്തശ്ശന്‍ മരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കുടുംബത്തിനെതിരെ ശക്തമായ നടപടികളിലേക്ക് ജില്ലാ ഭരണകൂടം തിരിഞ്ഞത്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇത്ര വലിയ തുക പിഴയീടാക്കുന്നത് ഇത് ആദ്യമാണ്. രോഗബാധിതരുടെ മുഴുവന്‍ ചികിത്സാ ചെലവും വരന്റെ വീട്ടുകാര്‍ വഹിക്കണം. ക്വാറന്റീനിലുള്ള മറ്റ് 58 പേരുടെ ചെലവും ഇവര്‍ തന്നെ വഹിക്കണമെന്നാണ് ഉത്തരവ്.
Discussion about this post