ന്യൂഡൽഹി: രാജ്യത്ത് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാനാണെന്ന് ന്യായീകരിച്ച് നിയമമന്ത്രി രവിശങ്കർപ്രസാദ്. ബംഗാളിലെ ബിജെപി റാലിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ജനപ്രിയ ആപ്പുകളായ ടിക് ടോക്ക്, ഹലോ, ഷെയർ ഇറ്റ്, യുസി ബ്രൌസർ, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
അതേസമയം ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. കേന്ദ്രസർക്കാരിന്റെ ഇടക്കാല ഉത്തരവിനൊപ്പം നിൽക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആപ്പ് ഡെവലപ്പേഴ്‌സിനെ അറിയിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.