തുത്തൂകുടി: സാത്താങ്കുളം സ്‌റ്റേഷനിലെ നാല് പോലീസുകാർ കൂടി പിടിയിൽ

ചെന്നൈ: തൂത്തുകുടി സംഭവത്തിൽ നാല് പോലീസുകാർ കൂടി പിടിയിൽ. സാത്താങ്കുളം പോലീസ് സ്റ്റേഷനിൽ വെച്ച് പിതാവും മകനും കസ്റ്റഡി മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലാണ് നാല് പോലീസുകാർ അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അഞ്ച് പോലീസുകാർ അറസ്റ്റിലായി.

ജയരാജ്, ബെന്നിക്‌സ് എന്നിവരെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കാൻ നേതൃത്വം നൽകിയ സാത്താങ്കുളം എസ്‌ഐ രഘു ഗണേഷ് വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. എസ്‌ഐ രഘു ഗണേഷിനെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിൽ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. മർദ്ദന സമയത്ത് പാറാവിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ മൊഴി പ്രകാരമാണ് പോലിസുകാർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്. കസ്റ്റഡി മരണത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു.

സിബിഐ ഏറ്റെടുക്കുന്നത് വരെ കേസ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ലോക്ക്ഡൗണിൽ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പോലീസ് ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും ആശുപത്രി ചികിത്സയ്ക്കിടെ മരിച്ചത്.

Exit mobile version