ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടി നല്കി ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതില്‍ നിരവധി ആരാധകരുള്ള ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കും ഉള്‍പ്പെടുന്നു. ടിക് ടോക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്.
നിരവധി ആരാധകരുള്ള ഒരു വിനോദ ആപ്പാണ് ടിക് ടോക്ക്. രാജ്യത്ത് ടിക് ടോക്കിനെ നിരോധിച്ചത് കേന്ദ്രം മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്നും കേന്ദ്ര നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടവര്‍ എന്ത് ചെയ്യുമെന്നും നുസ്രത്ത് ജഹാന് ചോദിച്ചു.
നോട്ട് നിരോധന കാലത്തിന് സമാനമായി ജനങ്ങള്‍ ബുദ്ധിമുട്ടും. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയായതിനാല്‍ നിരോധനത്തില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നും നുസ്രത്ത് ജഹാന് ചോദിച്ചു.
രാജ്യസുരക്ഷയും പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ട് തിങ്കളാഴ്ചയാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടിയെന്നോളമാണ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം.
Discussion about this post