24 മണിക്കൂറിനിടെ 3882 പേര്‍ക്ക് കൂടി രോഗം, തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 3882 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,049 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത് 63 പേരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1264 ആയി. കഴിഞ്ഞദിവസം രോഗം ബാധിച്ചവരില്‍ 16 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 59 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

2852 പേര്‍ കഴിഞ്ഞദിവസം രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 52962 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈയിലെ സ്ഥിതി ഗുരുതരമായി മാറുകയാണ്. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60,533 കടന്നു.

ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്ട്ട് ചെയ്ത മറ്റ് മേഖലകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

Exit mobile version