ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച തൂത്തുകുടിയിലെ പോലീസ് ക്രൂരതയിൽ ആദ്യ അറസ്റ്റ്. പോലീസ് കസ്റ്റഡിയിൽ അച്ഛനേയും മകനേയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എസ്‌ഐയെ ആണ് ആദ്യമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാളായ സാത്താങ്കുളം എസ്‌ഐ രഘു ഗണേഷാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
എസ്‌ഐ രഘു ഗണേഷിനെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രഘു ഗണേഷിന് പുറമേ ഇൻസ്‌പെക്ടർ ശ്രീധർ, സബ് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ എന്നിവരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. അതേസമയം, ശ്രീധറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം പലകോണുകളിൽ നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നുണ്ട്.
സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിൽ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ആരോപണ വിധേയരായ 13 പോലീസുകാരെയും ചോദ്യംചെയ്തു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനിൽ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മർദ്ദനങ്ങളേക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
Discussion about this post