ന്യൂഡൽഹി: ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. ഒരു വിനോദ ആപ്പായ ടിക് ടോക്കിനെ നിരോധിച്ചത് കേന്ദ്രം മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാൻ വിമർശിച്ചു. ടിക് ടോക്ക് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടവർ എന്ത് ചെയ്യുമെന്നും നുസ്രത്ത് ജഹാൻ ചോദ്യമുയർത്തി.
ഈ നിരോധനം നോട്ട് നിരോധന കാലത്തിന് സമാനമാണ്. ജനങ്ങൾ ബുദ്ധിമുട്ടും. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയായതിനാൽ നിരോധനത്തിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം പറയുമെന്നും നുസ്രത്ത് ജഹാൻ ചോദിച്ചു.
കൊൽക്കത്തയിൽ നടന്ന ഉൾട്ട രഥയാത്ര ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നുസ്രത്ത് ജഹാൻ പ്രതികരിച്ചത്. രാജ്യസുരക്ഷയും പൗരൻമാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ട് തിങ്കളാഴ്ചയാണ് ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക് ടോക്കിനായി ഇന്ത്യയിൽ ജോലി ചെയ്തിരുന്ന രണ്ടായിരത്തിലേറെ ജീവനക്കാർക്കാണ് നിരോധനത്തിലൂടെ തൊഴിൽ നഷ്ടമായിരിക്കുന്നത്.
Discussion about this post