ന്യൂഡൽഹി: ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ ഉപഭോക്താക്കൾക്ക് ഒപ്പം കമ്പനി ജീവനക്കാരും നിരാശരാണ്. ഇതിനിടെ, ടിക് ടോക്കിനായി ഇന്ത്യയിൽ ജോലി ചെയ്യുന്ന രണ്ടായിരത്തിലേറെ ജീവനക്കാരെ ആശ്വസിപ്പിച്ച് കമ്പനി സിഇഒ രംഗത്ത്. കമ്പനി സിഇഒ കെവിൻ മേയറാണ് ടിക് ടോക്കിന്റെ വെബ്സൈറ്റിൽ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിക് ടോക്കിന്റെ കരുത്ത് ജീവനക്കാരാണെന്നും അവരുടെ ക്ഷേമം സ്ഥാപനത്തിന്റെ പ്രഥമ പരിഗണനയാണെന്നും കെവിൻ മേയർ പറഞ്ഞു.
‘2018 മുതൽ, ഇന്ത്യയിലെ 200 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് അവരുടെ സന്തോഷവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനും സ്വയം പ്രകടിപ്പിക്കുന്നതിലൂടെ ആഘോഷിക്കാനും വളർന്നുകൊണ്ടിരിക്കുന്ന ആഗോള സമൂഹത്തോട് അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിച്ചു,’
‘ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാർക്ക് ഒരു സന്ദേശം’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ, മേയർ പറഞ്ഞു. ടിക് ടോക്കിൽ, ഇന്റർനെറ്റിനെ ജനാധിപത്യവൽക്കരിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഞങ്ങളുടെ ശ്രമങ്ങളെ നയിക്കുന്നത്. ഇന്ത്യയിലെ നിയമങ്ങളേയും ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റയും മാനിക്കുന്നെന്നും ഉപയോക്തൃ സ്വകാര്യതയ്ക്കും സമഗ്രതയ്ക്കും വളരെയധികം പ്രാധാന്യം നൽകുകയും ചെയ്യുമെന്നും മേയർ പറഞ്ഞു.
ജീവനക്കാരാണ് ടിക് ടോക്കിന്റെ ഏറ്റവും വലിയ ശക്തിയെന്നും അവരുടെ ക്ഷേമമാണ് തങ്ങളുടെ മുൻഗണന എന്നും മേയർ പറഞ്ഞു. ജീവനക്കാർക്ക് അഭിമാനിക്കാൻ കഴിയുന്ന നല്ല അനുഭവങ്ങളും അവസരങ്ങളും പുന ഃസ്ഥാപിക്കാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ചെയ്യുമെന്ന് രണ്ടായിരത്തിലധികം ശക്തരായ തൊഴിലാളികൾക്ക് ഞങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെവിൻ മേയർ വ്യക്തമാക്കി.
Discussion about this post