പടന്: ബിഹാറില്‍ കൊവിഡ് 19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി സംശയം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംശയം ഉടലെടുത്തിരിക്കുന്നത്. പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനില്‍ ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടര്‍ന്ന്, വിവാഹം നടന്ന് രണ്ടു ദിവസത്തിനു ശേഷം ജൂണ്‍ 17ന് മുപ്പതുകാരനായ വരന്‍ മരണപ്പെടുകയും ചെയ്തു. അതേസമയം, കൊറോണ പരിശോധന നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗുരുഗ്രാമില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു വരന്‍. മേയ് മാസം അവസാനമാണ് വിവാഹത്തിനായി ഇദ്ദേഹം നാട്ടിലെത്തിയത്.
ജൂണ്‍ പതിനാലോടെ ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിവാഹം മാറ്റിവെക്കാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വരന്റെയും വധുവിന്റെയും കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ എതിര്‍ക്കുകയായിരുന്നു. വിവാഹം മാറ്റിവെച്ചാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇതെന്ന് വരന്റെ ബന്ധുക്കളില്‍ ഒരാള്‍ വെളിപ്പെടുത്തി.
വിവാഹദിവസം വരന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. പാരസെറ്റമോള്‍ കഴിച്ചാണ് വിവാഹപൂര്‍വ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തതെന്നും മറ്റൊരു ബന്ധുവും പറഞ്ഞു. ജൂണ്‍ 17ന് യുവാവിന്റെ സ്ഥിതി വഷളായി. തുടര്‍ന്ന് പട്നയിലെ എഐഐഎംഎസിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവാവ് മരണപ്പെടുകയായിരുന്നു.
സംസ്‌കാരം കഴിഞ്ഞതിനാല്‍ ഇദ്ദേഹത്തിന് കൊറോണയുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പാലിഗഞ്ചിലെയും സമീപ നഗരങ്ങളായ നൗബത്പുര്‍, ബിഹട എന്നിവിടങ്ങളില്‍ നിന്നുള്ള വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 360 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വരന്റെ ബന്ധുക്കളും അതിഥികളും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പതിനഞ്ചു പേരില്‍നിന്നാകാം മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരില്‍ അധികം പേരും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.
Discussion about this post