ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്പഴകന് ഉള്‍പ്പടെ ഇന്ന് 3,943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി ഉയര്‍ന്നു. 38,889 ആണ് നിലവില്‍ സംസ്ഥാനത്തുള്ള ആക്ടീവ് കേസുകള്‍. അതേസമയം, ഇന്ന് 60 പേര് കൂടി മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി.
50,074 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഒരാഴ്ചയായി നിരീക്ഷണത്തില്‍ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആവുകയായിരുന്നു.
മന്ത്രിക്ക് ചുമയ്ക്കുള്ള മരുന്ന് നല്‍കുന്നുണ്ട്. മറ്റുബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അന്പഴകന്.
Discussion about this post