ന്യൂഡൽഹി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൂടുതൽ സൗജന്യങ്ങള് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചത്. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന് അതിലേക്ക് രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ രാജ്യം അൺലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം.
വരുന്ന മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങൾക്കു ശേഷം നവംബർ വരെ ദീർഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19 മഹാമാരിയുടെ കാര്യത്തിൽ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
അൺലോക്ക് ആരംഭിച്ചപ്പോൾ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ജനങ്ങൾ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post