നോയിഡ: ഉത്തർപ്രദേശിൽ കൊവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടയാളുടെ കുടുംബത്തെ ഞെട്ടിച്ച് 14 ലക്ഷം രൂപയുടെ ബില്ല് കൈമാറി ആശുപത്രി. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിനാണ് ഇത്ര ബിൽ നൽകിയിരിക്കുന്നത്. മരിച്ച കൊവിഡ് ബാധിതൻ 20 ദിവസമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. അതേസമയം, സംഭവം വിവാദമായതോടെ പരിശോധിക്കുമെന്ന് ഗൗതം ബുദ്ധനഗർ ജില്ലാ ഭരണകൂടം അറിയിച്ചു.
നോയിഡയിലെ ഫോർടിസ് ആശുപത്രിയിൽ ജൂൺ ഏഴിനാണ് യൂനാനി ചികിത്സകൻ കൂടിയായ രോഗിയെ പ്രവേശിപ്പിച്ചത്. തുടർന്ന് ഞായറാഴ്ച രോഗം മൂർച്ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു. 15 ദിവസം വെന്റിലേറ്ററിലായിരുന്നു. അതേസമയം, ബിൽ തുക കൈമാറ്റം സംബന്ധിച്ച് 10 രൂപ സ്റ്റാംപ് പേപ്പറിൽ ധാരണയുണ്ടാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. 14 ലക്ഷത്തിന് മുകളിലുണ്ടായിരുന്ന ബില്ലിൽ നാല് ലക്ഷം രൂപയുടെ ഇൻഷൂറൻസ് കവറേജ് കിഴിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരും അറിയിച്ചു.
ആശുപത്രി ചാർജുകൾ സർക്കാരുമായിട്ടുള്ള ധാരണപ്രകാരം കിഴിവുള്ളതും സുതാര്യവും കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതി താരിഫുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് ആശുപത്രിയുടെ പ്രതികരണം. ചികിത്സയുടെ ഓരോ ഘട്ടം സംബന്ധിച്ചും രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും ബന്ധുക്കളെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു.
അതേസമയം, കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രി ഈടാക്കിയ ഫീസ് തങ്ങൾ പരിശോധിച്ചു വരികയാണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അതേസമയം ഫീസ് നിർണയത്തിലെ ആശുപത്രികളുടെ സ്വയം നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങൾക്ക് ജില്ലാ ഭരണകൂടത്തിനും വ്യക്തതയില്ല. ഐസിയുവിന് പരമാവധി പതിനായിരം രൂപ ദിനംപ്രതി ഈടാക്കാം. വെന്റിലേറ്ററിന് അയ്യായിരം വരെയും മരുന്നുകൾക്കും മറ്റും വേറെയും വരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് എൽവൈ സുഹാസ് പറഞ്ഞു.
Discussion about this post