പാട്‌ന: ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്തവരിൽ നടത്തിയ പരിശോധനയിൽ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുവാവ് കൊവിഡ് ബാധിതനായിരുന്നെന്ന് അറിയാതെയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയും നടത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്പിൾ പരിശോധിച്ചത്.
ഈ പരിശോധനയിൽ 15 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കപ്പട്ടിക പൂർത്തിയാക്കിയ ശേഷം 100ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ഇതിൽ 80 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാറിൽ ഒരാളിൽ നിന്നും ഇത്രയധികം പേർക്ക് കൊവിഡ് വൈറസ് പകർന്നത് ആദ്യമായാണ്.
അതേസമയം യുവാവിന്റെ മരണം ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ മൃതദേഹം മറവുചെയ്തതുമാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതർ അറിയിച്ചത്. മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തിൽ എത്തിയത്. ദിവസങ്ങൾക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി പാട്‌നയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നും 50 പേർ മാത്രം പങ്കെടുക്കേണ്ട ചടങ്ങിൽ എങ്ങനെ നൂറിലധികം ആളുകൾ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം ചോദിച്ചു.
Discussion about this post