ഗുവാഹത്തി: സിന്ദൂരവും ശംഖു വളകളും അണിയാൻ വിസമ്മതിച്ചതിച്ച ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഭർത്താവിന് അനുമതി നൽകി ഹൈക്കോടതി. ഹിന്ദു മതാചാര പ്രകാരം വളകളും സിന്ദൂരവും അണിയാൻ സ്ത്രീ വിസമ്മതിച്ചത് വിവാഹം നിഷേധിച്ചതിന് തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതേതുടർന്നാണ് ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനത്തിന് ഭർത്താവിന് അനുമതി നൽകിയത്.
ആദ്യം ഭർത്താവ് കുടുംബ കോടതിയിലാണ് പരാതി നൽകിയത്. എന്നാൽ ഭാര്യയുടെ ഭാഗത്ത് നിന്ന് ഭർത്താവിനെതിരായ യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താത്തതിനാൽ കുടുംബ കോടതി വിവാഹമോചനം നിഷേധിച്ചു. എന്നാൽ ഭർത്താവ് കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്.
സിന്ദൂരവും വളകളും ധരിക്കാൻ വിസമ്മതിക്കുന്നത് സ്ത്രീയെ അവിവാഹിതയായാണ് കണക്കാക്കുക, മാത്രമല്ല അവർ വിവാഹം നിഷേധിക്കുന്നതിന് തുല്യമാണ്.ഭർത്താവുമായി അവർക്ക് വൈവാഹിക ജീവിതം തുടർന്നുകൊണ്ട് പോകാനുള്ള താത്പര്യം ഇല്ലെന്ന വ്യക്തമായ ഉദ്ദേശമാണ് ഈ നിഷേധാത്മക നിലപാട് കാണിക്കുന്നത്- എന്ന് പ്രസ്താവിച്ചാണ് ഹൈക്കോടതി വിവാഹമോചനത്തിന് അനുമതി നൽകിയത്.
ഇതോടൊപ്പം, തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന് കാണിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീ പരാതി നൽകിയിരുന്നു. പക്ഷെ ഇവർക്കെതിരായ പരാതി നിലനിൽക്കുന്നതല്ലെന്ന് കോടതി അറിയിച്ചു.
2012 ഫെബ്രുവരി 17നാണ് ഇവരുടെ വിവാഹം കഴിയുന്നത്. ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ പറ്റില്ലെന്ന് ഭാര്യ പറഞ്ഞതു മുതൽ ഇരുവരും തമ്മിൽ തർക്കമായിരുന്നു. ഇതേതുടർന്ന് 2013 ജൂൺ 30 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്.
Discussion about this post