ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രാജ്യതലസ്ഥാനത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച സീനിയര്‍ ഡോക്ടറുടെ കുടംബത്തിന് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഒരുകോടി രൂപ സഹായം പ്രഖ്യാപിച്ചു.
കോവിഡിനോട് പൊരുതി മരിച്ച ഡോക്ടര്‍ അസീം ഗുപ്തയുടെ കുടംബത്തിനാണ് സര്‍ക്കാര്‍ ഒരുകോടി രൂപ സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്നായക് ജയ്പ്രകാശ് ആശുപത്രിയില്‍ അനസ്തീഷ്യ സ്പെഷ്യലിസ്റ്റായിരുന്നു ഡോക്ടര്‍ അസീം ഗുപ്ത.
കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ഡോ. അസീം ഗുപത. ജൂണ്‍ ആറിനാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെ ആരോഗ്യനില മോശമായതോടെ ഏഴാംതീയതി അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഏഴാം തീയതി മാക്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. രാജ്യത്ത് ശമനമില്ലാതെ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post