മുംബൈ: ലോകത്തെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയല്‍ മഹാരാഷ്ട്രയില്‍ തുടങ്ങി. പ്രൊജക്ട് പ്ലാറ്റിന എന്ന് പേരിട്ടിരിക്കുന്ന ട്രയലില്‍ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികള്‍ക്കാണ് ബ്ലഡ് പ്ലാസ്മ നല്‍കുക. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികള്‍ക്ക് നല്‍കുക. മഹാരാഷ്ട്രയിലെ 17 മെഡിക്കല്‍ കോളേജുകളിലായാണ് ചികിത്സ.
പ്ലാസ്മാ തെറാപ്പി പത്തില്‍ ഒമ്പത് പേര്‍ക്ക് എന്ന തോതില്‍ വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്. 17 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക കണ്ടെത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനം ശക്തമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിരവധി പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 77 പോലിസുകാര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 1,030 പോലിസുകാരാണ്. ഇതു വരെ മരണം 59 പോലീസുകാര്‍ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടിട്ടുണ്ട്.
അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി ഉയര്‍ന്നു. 156 മരണം കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ജൂലൈ 31 വരെ ലോക്ക് ഡൌണ്‍ നീട്ടിയിരിക്കുകയാണ്.