ശ്വാസംമുട്ട് രൂക്ഷം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, ലക്ഷണങ്ങളുണ്ടായിട്ടും പങ്കെടുത്തത് നിരവധി പരിപാടികളില്‍

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

നാല് ദിവസം മുമ്പ് തന്നെ മന്ത്രിക്ക് പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ട് പോലും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരിപാടികളിലും മന്ത്രിസഭാ യോഗത്തിലും മന്ത്രി പങ്കെടുക്കുകയും ചെയ്തു.

മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഓഫീസ് അടച്ചുപൂട്ടി. മന്ത്രിയുമായി ബന്ധപ്പെട്ട വലിയൊരു വിഭാഗം ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Exit mobile version