ലക്‌നൗ: നവവരന്റെ കൈപിടിച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങേണ്ടിയിരുന്ന വധുവിന് അകാലത്തിൽ വിയോഗം. കാത്തിരുന്ന വിവാഹദിനത്തിൽ തന്നെ നവവധുവിന് ദാരുണാന്ത്യം സംഭവിച്ച ഞെട്ടലിലാണ് ഈ ഗ്രാമത്തിലുള്ളവർ. വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ കുഴഞ്ഞ് വീണ് പത്തൊൻപതുകാരി വിനീത മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹവേദിയിൽ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി വരനായ സഞ്ജയും കുടുംബാംഗങ്ങളും വേദിയിലെത്തിയിരുന്നു. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിനീത (19) വേദിയിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, വിനീതയെ ആദ്യം എത്തിച്ച ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതി കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായാൽ മാത്രമെ അഡ്മിറ്റ് ചെയ്യു എന്ന് അവർ പറഞ്ഞുവെന്നാണ് വിനീതയുടെ പിതാവ് കിഷോറ ബഥം ആരോപിക്കുന്നത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില വഷളായി യുവതി മരിച്ചു എന്നാണ് ഇവർ പറയുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിനേയും വിവരം അറിയിച്ചിരുന്നു.
പോലീസ് ഇടപെട്ട് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തൊട്ടടുത്ത ദിവസം സംസ്‌കാര ചടങ്ങുകളും നടന്നു. വധുവിനെ കൂട്ടാനെത്തിയ സഞ്ജയും ബന്ധുക്കളും വിനീതയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Discussion about this post