ന്യൂഡല്‍ഹി: ധീരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങള്‍’ വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷത്തെയും പരാമര്‍ശിച്ചായിരുന്നു ഷായുടെ പ്രതികരണം.
പടര്‍ന്നുപിടിച്ച കോവിഡിനെ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും എന്നാല്‍ ചില ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിച്ച് മോശമായി ചിത്രീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണെന്ന് പ്രധാനന്ത്രിയെ സറണ്ടര്‍ മോഡി എന്ന് രാഹുല്‍ വിശേഷിപ്പിച്ച സംഭവത്തില്‍ അമിത് ഷാ പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രചാര വേലകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ പ്രതിസന്ധിഘട്ടത്തില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നത് വേദനാജനകമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അവരുടെ ഹാഷ്ടാഗുകള്‍ പാകിസ്താനും ചൈനയും പ്രോത്സാഹിപ്പിക്കുന്നു. ഇത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ് എന്നായിരുന്നു ഷായുടെ മറുപടി. നിയന്ത്രണ രേഖയിലെ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ നടത്തിയ ട്വീറ്റുകളോടും ഷാ പ്രതികരിച്ചു.
ഇതുസംബന്ധിച്ച് ചര#്ച്ച ചെയ്യണമെന്നാണെങ്കില്‍ വരൂ. 1962 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ചര്‍ച്ചയെ ആരും ഭയക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ഒരു ചുവടുവെയ്ക്കുമ്പോള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. -അമിത് ഷാ പറഞ്ഞു.
Discussion about this post