ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം തൊഴില്‍ ഇല്ലാതായതോടെ ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നു. ഉത്തര്‍പ്രദേശിലെ 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് തൊഴില്‍ സ്ഥലങ്ങളിലേക്ക് മടങ്ങുന്നത്. കൊവിഡ് വ്യാപനം കൂടുതലുള്ള ഡല്‍ഹിയിലേക്കും മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കുമെല്ലാമാണ് ഇവര്‍ മടങ്ങുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഭയമില്ലേ എന്ന ചോദ്യത്തിന് വിശപ്പിനേക്കാള്‍ ഭേദമാണ് കൊറോണ എന്നാണ് അവരുടെ മറുപടി. യുപിയില്‍ തൊഴില്‍ ഇല്ല. ഇനിയും പട്ടിണി കിടക്കാന്‍ വയ്യാത്തത് കൊണ്ടാണ് തിരിച്ചു പോകുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
”യുപിയില്‍ തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തിരിച്ചു പോകില്ലായിരുന്നു. ഞാന് ജോലി ചെയ്യുന്ന കമ്പനി ഇതുവരെ തുറന്നിട്ടില്ല. എന്തെങ്കിലും ജോലി കണ്ടെത്താനായി ഞാന്‍ തിരിച്ചുപോവുകയാണ്. കൊറോണ വിശപ്പിനേക്കാള്‍ ഭേദമാണ്. എന്റെ മക്കള്‍ വിശന്ന് മരിക്കുന്നതിനെക്കാള്‍ ഭേദം കൊറോണ വന്ന് ഞാന്‍ മരിക്കുന്നതാണ്” – മുംബൈയിലേക്ക് വണ്ടി കയറുന്നതിന് മുന്‍പ് ഫാക്ടറി തൊഴിലാളിയായ അന്‍സാരി പറഞ്ഞു.
സര്‍ക്കാര്‍ സഹായങ്ങളോന്നും ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സര്‍ക്കാര്‍ റേഷന്‍ മാത്രമാണ് തരുന്നത്. വേറെയും ചിലവുകളുണ്ട്. തൊഴിലുറപ്പ് പദ്ധതി അല്ലാതെ വേറെ തൊഴിലൊന്നുമില്ല യുപിയില്‍ എന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതി, ചെറുകിട വ്യവസായങ്ങള്‍ വഴി സംസ്ഥാനത്ത് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആവര്‍ത്തിക്കുമ്പോഴാണ് പട്ടിണി കിടക്കാന്‍ വയ്യാത്തതിനാല്‍ 30 ലക്ഷത്തോളം തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.
Discussion about this post