ദിസ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ്. അസമില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 41 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കനത്ത മഴ കാരണം അസമിലെ 21 ജില്ലകളില്‍ നിന്ന് 4,62,777 പേരെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. 19,499 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴ കാരണം ബ്രഹ്മപുത്രയും പോഷകനദികളായ സന്‍ക്കോഷ്, മാനസ എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അപ്പര്‍അസാമിലെ ദിബ്രുഗഡ് നഗരം നാലുദിവസമായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഗുവാഹട്ടി, ജൊര്‍ഹട്ട് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
അതേസമയം വടക്കന്‍ സിക്കിമില്‍ രൂക്ഷമായ മണ്ണിടിച്ചിലില്‍ നൂറോളം വീടുകളും റോഡുകളും തകര്‍ന്നു. എന്‍എച്ച്പിസി ഡാമിനും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post