കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ എട്ട് മുതല്‍

ബംഗളൂരു: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. ജൂലായ് അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്കാണ്. ബംഗളുരുവില്‍ മാത്രം 596 പേര്‍ക്കാണ് രോഗം സ്ഥിരീരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11923 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 11 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 191 ആയി ഉയര്‍ന്നു. ബംഗളുരുവില്‍ മാത്രം 1,913 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവരിലൊക്കെ വൈറസ് ബാധ കണ്ടെത്തുകയാണ്.

അതേസമയം ബംഗളുരു ഒഴിച്ചുളള മറ്റു ജില്ലകളില്‍ 50ല്‍ താഴെ മാത്രമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 371 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 13,577 പുതിയ സാമ്പിളുകളാണ് ശേഖരിച്ചത്. വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ എട്ട് മണി മുതലാണ് ആരംഭിക്കുക. നേരത്തേ ഇത് ഒമ്പത് മണിക്കായിരുന്നു ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചിനാണ് കര്‍ഫ്യൂ അവസാനിക്കുക.

Exit mobile version