ബംഗളൂരു: ലോണ്‍ തുകയില്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് രൂപയും 46 പൈസയും അടയ്ക്കാന്‍ കര്‍ഷകന്‍ നടന്നത് 15 കിലോമീറ്റര്‍ ദൂരം. ഷിമോഗ ജില്ലയിലെ
ബറുവെ ഗ്രാമത്തിലുള്ള അമഡെ ലക്ഷ്മിനാരായണയെന്ന പാവപ്പെട്ട കര്‍ഷകനാണ് ഈ ദുരവസ്ഥ.
ലോണ്‍ തുകയിലെ ബാക്കിയുണ്ടായിരുന്ന തുക എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന്
പറഞ്ഞ് ടൗണിലെ കാനറ ബാങ്കില്‍ നിന്ന് വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ചുള്ള ബാക്കി വിശദാംശങ്ങളൊന്നും ബാങ്ക് അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയതുമില്ല.
ബാങ്കില്‍ നിന്നുള്ള വിളി കേട്ട് പരിഭ്രാന്തനായ ലക്ഷ്മിനാരായണ 15 കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഈ ഭാഗത്ത് ബസ് സര്‍വീസുകളും ഇല്ലായിരുന്നു. കിലോമീറ്ററുകള്‍ നടന്ന് ബാങ്കിലെത്തിയ അദ്ദേഹത്തിനോട് അടയ്ക്കാനുള്ള ബാക്കി തുകയായ മൂന്ന് രൂപ 46 പൈസ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാങ്കുകാര്‍ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയ കര്‍ഷകന്‍ ബാക്കിയുള്ള തുക അടച്ച് ലോണ്‍ കടം വീട്ടി.
അതേസമയം, ബാങ്കില്‍ നിന്ന് 35,000 രൂപയുടെ കാര്‍ഷിക ലോണ്‍ താന്‍ എടുത്തിരുന്നെന്നും ഇതില്‍ 32,000 രൂപ സര്‍ക്കാര്‍ എഴുതി തള്ളുകയും ബാക്കിയുള്ള 3,000 രൂപ ഏതാനും മാസം മുമ്പ് അടച്ച് ലോണ്‍ തീര്‍ക്കുകയും ചെയ്തു.
‘എത്രയും പെട്ടെന്ന് ബാങ്കില്‍ എത്തണമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചു പോയി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ബസ് ഉണ്ടായിരുന്നില്ല. ഒരു സൈക്കിള്‍ പോലും എനിക്കില്ല. ലോണ്‍ തുകയില്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് രൂപ 46 പൈസ അടച്ചുതീര്‍ക്കാന്‍ നടന്നാണ് ഞാന്‍ ബാങ്കിലെത്തിയത്. ബാങ്കിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നെ വളരെ വേദനിപ്പിച്ചു’ – അദ്ദേഹം പറഞ്ഞു.
അതേസമയം, ബാങ്കില്‍ ഓഡിറ്റിംഗ് നടക്കുന്നതിനാല്‍ അദ്ദേഹത്തിന് ലോണ്‍ പുതുക്കാന്‍ ബാക്കി തുകയായ 3 രൂപ 46 പൈസ അടയ്ക്കണമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഒപ്പും ആവശ്യമായിരുന്നെന്ന് പ്രദേശത്തെ കാനറ ബാങ്ക് മാനേജര്‍ എല്‍ പിംഗ്വ പറഞ്ഞു.
അതേസമയം, വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധം അറിയിച്ചത്. എന്ത് കാരണമായാലും 15 കിലോമീറ്റര്‍ ദൂരം നടക്കാന്‍ കര്‍ഷകനെ നിര്‍ബന്ധിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും വാദം.