ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ ബാലാവകാശ വിഭാഗം തനിക്കെതിരെ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതിൽനിന്നും ആർക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.
കാൺപൂരിലെ ഷെൽറ്റർ ഹോമിൽ 57 പെൺകുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ പ്രിയങ്കയ്ക്കെതിരെ നോട്ടീസ് അയച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച് സർക്കാർ വെറുതെ സമയം പാഴാക്കുകയാണെന്നും അവൻ ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്നും പ്രിയങ്ക പറഞ്ഞു.
യുപിയിലെ ജനങ്ങൾക്കുവേണ്ടി പൊതുപ്രവർത്തനം ചെയ്യുന്ന താൻ സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും ചെയ്യും. സർക്കാർ പ്രവർത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യുപി സർക്കാർ വെറുതെ സമയം പാഴാക്കുകയാണ്- പ്രിയങ്ക ട്വീറ്റ് ചെയ്തു.
നിങ്ങൾക്ക് പറ്റുന്നതൊക്കെ ചെയ്തോളൂ. സത്യത്തെ സത്യമായി നിലനിർത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് ഞാൻ. അല്ലാതെ, പ്രതിപക്ഷ പാർട്ടിയിൽനിന്നുള്ള ബിജെപിയുടെ ഔദ്യോഗിക വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, മൂന്ന് ദിവസത്തിനകം ട്വിറ്റർ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ പ്രിയങ്ക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാലാവകാശ കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
Discussion about this post