യാത്രയ്ക്കിടെ പ്രസവ വേദന, ശ്രമിക് ട്രെയിനില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി മുപ്പത്തിരണ്ടുകാരി, ട്രെയിനിനുള്ളില്‍ പിറന്ന മിടുക്കനായ കുഞ്ഞിന്റെ സന്തോഷക്കരച്ചിലിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ശ്രമിക് പ്രത്യേക ട്രെയിനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി മുപ്പത്തിരണ്ടുവയസ്സുകാരി. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അമ്മയുടെയും കു്ഞ്ഞിന്റെയും ഫോട്ടോയുമുണ്ട്. സെക്കന്തരാബാദ്-ഹൗറ പ്രത്യേക ട്രെയിനിലാണ് സംഭവം.

ബുധനാഴ്ച രാവിലെയാണ് സൈറാ ഫാത്തിമ എന്ന യുവതി ട്രെയിനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒഡീഷയിലെ ഖുര്‍ദ്ദ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോഴാണ് യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു.

റെയില്‍ അധികൃതര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടതിന് ശേഷം മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. ഒടുവില്‍ ട്രെയിനില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും അധികൃതര്‍ തയ്യാറാക്കിയിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ട്രെയിനില്‍ വെച്ച് യുവതി പ്രസവിച്ച വിവരം കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. സെക്കന്തരാബാദ് -ഹൗറ പ്രത്യേക ശ്രമിക് ട്രെയിനിനുള്ളില്‍ പിറന്ന മിടുക്കനായ കുഞ്ഞിന്റെ സന്തോഷക്കരച്ചിലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

റെയില്‍വേ ഡോക്ടേഴ്‌സിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും സഹായത്തോടെ സുരക്ഷിതമായിട്ടായിരുന്നു യുവതിയുടെ പ്രസവം. യാത്രക്കാര്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ റെയില്‍വേ അധികൃതര്‍ സദാസന്നദ്ധരാണെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ മെയ് മാസം മുതല്‍ ഏകദേശം 30 ലധികം കുഞ്ഞുങ്ങളാണ് പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ജനിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ലോക്ക് ഡൗണില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി അതിഥി തൊഴിലാളികളാണ് ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയത്. 75 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കായി 4500 ലധികം ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

Exit mobile version