ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെത്തുന്നത്. ഈ മാസം 29 വരെയാണ് സന്ദര്‍ശനം.
സന്ദര്‍ശനം നടത്തുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും കേന്ദ്രസംഘം നല്‍കും.
അതേസമയം രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4841 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 192 പേരാണ്. ഇതോടെ മരണസംഖ്യ 6931 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 63342 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 77453 ആയി ഉയര്‍ന്നിട്ടുണ്ട്.
Discussion about this post