കൊവിഡ് 19; രാജ്യത്ത് ഓഗസ്റ്റ് 12 വരെ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവില്ല, പ്രത്യേക സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 12 വരെ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. അതേസമയം മെയ് 12നും ജൂണ്‍ ഒന്നിനും സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല.

റെഗുലര്‍ തീവണ്ടികളില്‍ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍തുകയും തിരിച്ചുനല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. അതേസമയം ഈ കാലയളവില്‍ പുതിയ സ്‌പെഷ്യല്‍ തീവണ്ടികള്‍ ഓടിക്കുമോ എന്നത് വ്യക്തമല്ല. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും വണ്ടികള്‍കൂടി സര്‍വീസ് നടത്താന്‍ ഈയിടെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇനി അതിന് സാധ്യത വളരെ കുറവാണ്. മാവേലി, മലബാര്‍, അമൃത സ്‌പെഷ്യലുകള്‍ ഓടിക്കാനായിരുന്നു തീരുമാനം.

നിലവില്‍ ഡല്‍ഹിയില്‍നിന്നുള്ള രാജധാനി, മംഗള എക്‌സ്പ്രസുകളും മുംബൈയില്‍നിന്നുള്ള നേത്രാവതി എക്‌സ്പ്രസുമാണ് സംസ്ഥാനത്തേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്.എന്നാല്‍ ഇവയ്ക്ക് എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുമില്ല.

Exit mobile version