ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇയും ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി. ബോര്‍ഡ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഐസിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഫലം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന് പുറപ്പെടുവിക്കുമെന്ന് ഐസിഎസ്ഇക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു.
നേരത്തെ സിബിഎസ്ഇയും പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ത്ഥികളുടെ താത്പര്യമെങ്കില്‍, സാഹചര്യം അനുകൂലമാവുമ്പോള്‍ പരീക്ഷകള്‍ നടത്തുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
ജൂലൈ ഒന്ന് മുതല്‍ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.