ഹൈദരാബാദ്: ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലേയ്ക്ക് ആണ് മരുന്ന് അയച്ചത്.
റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മ്മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങളിലേക്കയച്ചിരിക്കുന്നത്. കോവിഫോര്‍ എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്.
100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വിലയെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷം കുപ്പി മരുന്ന് കമ്പനി നിര്‍മിക്കുമെന്നും ഹെറ്റെറോ കൂട്ടിച്ചേര്‍ത്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാംഘട്ടമായിട്ടാണ് മരുന്ന് ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്നൗ, പട്ന, ഭുവനേശ്വര്‍, റാഞ്ചി, വിജയവാഡ, ഗോവ എന്നിവിടങ്ങളിലേക്കാകും രണ്ടാം ഘട്ടത്തില്‍ മരുന്ന് അയക്കുക.
ആശുപത്രികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാകും മരുന്ന് ലഭ്യമാകുക. ചില്ലറ വിപണയില്‍ ലഭ്യമാകില്ലെന്നും ഹെറ്റെറോ മാനേജിങ് ഡയറക്ടര്‍ വംശി കൃഷ്ണ ബന്ദി പറഞ്ഞു.
Discussion about this post