2865 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണം, ജില്ലവിട്ടുള്ള യാത്രകള്‍ക്ക് അനുമതിയില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി.

33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 866 ആയി ഉയര്‍ന്നു. കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ചെന്നൈയിലാണ്. ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.

1654 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 45814 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, തമിഴ്‌നാട്ടില്‍ 37763 പേര്‍ കഴിഞ്ഞദിവസം രോഗമുക്തരായി. 32,079 പരിശോധനകളാണ് തമിഴ്‌നാട്ടില്‍ ബുധനാഴ്ച നടന്നത്.

Exit mobile version