ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മെയ് 31ന് ശേഷം ലോക്ക് ഡൗണ്‍ ഇളവ് പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വന്വര്ധനവാണുണ്ടാരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധികം പേര് ഈ കാലയളവില്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവ് പ്രാബല്യത്തിലായ ജൂണ്‍ 1 മുതലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ധനവുണ്ടായിരിക്കുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് പിടിപെട്ടു. മരണം 6500 കടന്നു. രോഗബാധിതരില്‍ രണ്ടാമതുള്ള ഡല്‍ഹിയില്‍ രോഗികള്‍ 66000 കടന്നു. മരണം 2301 ആയി. ഡല്‍ഹിയില്‍ മാത്രം പുതിയ 3947 കോവിഡ് കേസും 68 മരണവും സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും.
തമിഴ്നാട്ടില്‍ 64000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
Discussion about this post